Thursday, 27 June 2013

കവിത്വം

കവിതയ്ക്കു മുനിയുന്നു ഇവിടെ ഞാന്‍ 
അപ്പോള്‍ ദേ, കവിതയില്‍ മിണ്ടുന്നു ആളുകള്‍.

അവര്‍ പറയുന്നു,
ച്ഛെ ച്ഛെ, ഒരു വികാരവുമില്ലാത്ത കൂട്ടാന്‍...
ദാണ്ടെ, ചിരിക്കുന്ന മുതല.....
അയ്യേ! മന്ദബുദ്ധി കസേര....
ചത്തു പോയ മണ്ണില്‍ ഇട്ടവിത്ത് കിളിര്‍ക്കുമോ?...
ഹായ്, സുന്ദരി പാട്ട്.....

ഞാന്‍ കയര്‍ക്കുന്നു, എന്റെ കവിത....എന്റെ കവിത....
ധ്യാനിച്ചു വരുത്തിയതാണ്...
എന്നിലെത്തുംമുമ്പെ തട്ടിയെടുത്തതാണ്.
പുച്ഛിക്കാനായി പോലും തിരിഞ്ഞുനില്‍ക്കാതെ
അവരുടെ പാട്ടിനു പോയി ധിക്കാരികള്‍.

നിരത്തിനക്കരെ തെരുവുപോരാളിക്കു മുന്‍പില്‍
അല്‍പവസ്ത്രധാരിണി യുവതിയുടെ മുട്ടിപ്പായി പ്രാര്‍ത്ഥന.
അല്ലയോ നാഥാ,എന്നെ കൈയ്യേല്‍ക്കുക,
തിരുസ്പര്‍ശത്താലെന്നെ പങ്കിലയാക്കുക,
മോചനകവാടം തുറന്നുതരിക...

എങ്ങോ, എവിടെയോ, ഏതോ യാചകന്റെ ദൈന്യം.
സത്യധര്‍മ്മനീതികള്‍ വ്രണം കുത്തി
അഴുകിയ ഇക്കാലത്ത് നിങ്ങളോരോരുത്തരും......

സംയമനം തലകീഴായ് മറിഞ്ഞ് .
അലറുന്നു ഞാന്‍...എന്റെ കവിത,എന്റെ കവിത...
നീചന്‍മാരെ, അതു മടക്കിത്തരിക,..തരിക...തരികാ.....

ഒരു പെണ്‍മണികിലുക്കം പശ്ചാത്തലത്തില്‍ ...
കവേ, കവിത ഉണ്ടായതെങ്ങിനെ?....
ഉത്തരമുരുട്ടിയെടുക്കും മുമ്പെ മറുകിലുക്കം.
വാക്കിന് ഒന്നിനുമേല്‍ അര്‍ത്ഥം കിനിയുമ്പോള്‍ കവിതകുരുക്കും...

ഞാന്‍ ചുരുളുന്നു...പിന്നെ നിവരുന്നു....
ഉത്തരമളക്കുന്നു...ഊരാക്കുടുക്കുടക്കുന്നു.

... അതോ പിമ്പെയോ പദത്തിനു നൂറര്‍ത്ഥം.
വേവു തെറ്റി തെറ്റി തലച്ചോര്‍ കുഴയുന്നു.

ഇടം കാതിലൊരു ചോദ്യത്തിന്‍ തെറ്റാലി എയ്ത്ത്

അമ്മേ, പെട്ടന്നൊരീസം എല്ലാര്‍ക്കും,
അവനോന്‍ മാത്രേ ഈ ലോകത്ത് ഉള്ളൂന്ന് തോന്നീച്ചാലെന്താ ണ്ടാവ്വാ?....

കണ്ണുകള്‍ മുഖത്തു നിന്നും ഉരുണ്ടുമാറി
ആറുവയസ്സിനെ നോക്കി അമ്പരക്കുന്നു.
ഗുഹാഗഹ്വരമായ വായ അപ്പടിയേ നിര്‍ത്തി
സാഷ്ടാംഗം  നമിക്കുമ്പോള്‍........കര്‍ട്ടന്‍.

നാടകാന്തം.

1 comment:

  1. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete