എങ്ങുനിന്നെന്നില്ലാതെ നമുക്കുമേല്‍ ചാടി
വീഴും
തെരുവില്‍,
ജീവിതത്തിരിവില്‍,
ഓര്‍മ്മച്ചതുപ്പില്‍...
എപ്പോള്‍ വേണമെങ്കിലും നാം
ആക്രമിക്കപ്പെട്ടേക്കാം.
ഇഷ്ടനഷ്ട ചതുരംഗത്തില്‍,
ദുശ്ശകുന കണക്കെടുപ്പില്‍,
ദുരന്തത്തിന്‍
ചോരമണത്തില്‍,
അഭിമാനച്യുതിയില്‍,
തൃഷ്ണയൊടുങ്ങലില്‍,
ഏകാന്തതയില്‍....
എവിടെവെച്ചും പതിയിരുന്ന്
നമ്മെ പിടികൂടും.
ഉഗ്രപ്രസരത്തില്‍ തളര്‍ത്തിയിടും.
ബോധത്തില്‍ ചൂണ്ടക്കൊളുത്തിട്ട്
അധിനിവേശം ഉറപ്പിക്കും.
ഭ്രമക്കുതിരകളെ വീഞ്ഞുകുടിപ്പിക്കും.
പൊട്ടിച്ചിരിയുടെ ഗ്രാമഫോണ്‍ സൂചി
ഊരിമാറ്റും.
നിര്‍ത്താ പറച്ചിലിന്‍ ചരടഴിച്ച്
പറന്നുപോ എന്നൂതിപ്പറത്തും.
അടക്കിയമര്‍ത്തിയ സങ്കടങ്ങള്‍ നേര്‍പ്പാതിയില്‍
പിളര്‍ന്ന്,
സ്ഥിരതയുടെ കുടല്‍വള്ളികള്‍
പറിച്ചെടുക്കും.
മഹാമൗനത്തില്‍ നങ്കൂരമിടുവിക്കും.
ആക്രമണോത്സുകതയില്‍ ഛിഹ്നംവിളിപ്പിക്കും.
ഒളിയിടങ്ങള്‍ തിരഞ്ഞലയേണ്ട മൃത്യുവെന്നപോല്‍
ത്വക്കുരുമ്മി സദാ
കൂടയുണ്ട്...
നിശ്ചയമായും ഒരിക്കല്‍ നാം അകപ്പെടും..
ഭ്രാന്തിന്‍ മുദ്രയില്ലാത്ത ഒരുവനും
ജീവിതമുണ്ടായിട്ടില്ലെന്ന്...
അന്നു
തിരിച്ചറിയും...!!
No comments:
Post a Comment