മുഖമില്ലാത്ത ഒരുവള്‍ള്,
സദാ പിറകെയെന്ന് മകന്‍ ഉറക്കത്തിലും ചുളിഞ്ഞു..
അമ്മേ, അതു നീയോ....എന്നു
കൊത്തിയാട്ടി,
അവന്‍ ഉയരങ്ങള്‍ പറന്നു കയറി.
നീരാളിക്കൈകളുടെ വലക്കൂടില്‍,, ആരുടേയോ
തടവിലാണെപ്പോഴുമെന്ന് മകള്‍
പിറുപിറുത്തു.
അമ്മേ നിങ്ങളോ?...എന്ന്
അരിശപ്പെട്ട്
അവള്‍ പിന്നാക്കം ചുവടളന്നു..
ഏകമന്ത്രം ജപിച്ച്, ഒരു മായാവിനി
നൂറ്റാണ്ടുകളായി, അടിമപ്പെടുത്തിയതാണെന്ന്,
പുരുഷന്‍ ചരടറുത്തപ്പോള്‍, കടപറിയാഞ്ഞത്
വിറങ്ങലിപ്പിനാല്‍ തന്നെ.
ജീര്‍ണ്ണവസ്ത്രമെന്ന് കുടുക്കഴിച്ചു,
പാതിയില്‍ ഉപേക്ഷിച്ചവര്‍ക്കായിനി
ആയുര്‍വ്രതം നോല്ക്കേണ്ടതുണ്ട്.
കൗമാരപ്പകുതിയില്‍ തുടങ്ങി,
അവരെ നമ്പി ഞെരിഞ്ഞു ചത്ത, വികാരങ്ങളുടെ
കല്ലറയില്‍ , തിരി
വെയ്ക്കേണ്ടതുണ്ട്.
അതു കഴിഞ്ഞാല്‍ പിന്നെ,
സമ്പൂര്‍ണ്ണ ഇന്ത്യന്‍ വൃദ്ധയായി ...
നിമിഷത്തെ മുപ്പതു നെടുവീര്‍പ്പുകളാലളന്ന്,
ശരശയ്യമേല്‍ ഉത്തരായനം കാത്തുകിടക്കാം.
No comments:
Post a Comment