Thursday, 27 June 2013

യാത്ര

ആരു കൈമാടി വിളിച്ചാലും
കൂടെപോകാന്‍ തിടുക്കപ്പെടുന്ന
ഒരു ശാഠ്യക്കാരികുട്ടി
എനിക്കുള്ളില്‍ കലമ്പുന്നുണ്ട്

കുട്ടിപ്രായത്തില്‍ , മന്ത്രവാദിയപ്പൂപ്പന്‍ പിള്ളേരെപ്പിടുത്തക്കാരന്‍ , ഇരുട്ടുഭൂതം എന്നൊക്കെ, പേടിക്കഥകള്‍ ചേലത്തുമ്പിനും ചൂണ്ടുവിരലിനും മദ്ധ്യേ സമരേഖ വരഞ്ഞ് കുടുക്കിട്ട് നിര്‍ത്തി.
കൗമാരവിസ്മയം 
ക്ളാസിക്കുകള്‍!
വാംപെയര്‍ കഥകള്‍,, 
മില്‍സ് ആന്‍ഡ് ബൂണ്‍ പൈങ്കിളി 
ആദികളില്‍ കുഴഞ്ഞുവീണ്, മതിഭ്രമിച്ച് നിഴല്‍വെളിച്ചങ്ങളില്‍ 
ഊഞ്ഞാലാടിയിരിക്കുമ്പോള്‍ 

'ഇലചെന്നു മുള്ളില്‍ വീണാലും' 

തുടങ്ങിയ വിളഞ്ഞമൊഴികള്‍ സംഘംചേര്‍ന്ന് വട്ടം തടഞ്ഞു.

പിന്നീട് സ്നേഹത്താല്‍ കുതിര്‍ന്ന്
പതിഭക്ത, അമ്മമരം മര്‍മ്മങ്ങളില്‍ മാറിമാറി
പരകായപ്രവേശിച്ച് പരവശയായപ്പോള്‍
ഒറ്റവിളിയും കേട്ടേയില്ലെന്നു നടിച്ചു.

ഇപ്പോഴിതാ ഈ വാര്‍ദ്ധക്യപ്പുരയില്‍ 
ഒരു കൈമാടലിന്റെ പ്രത്യാശയില്‍
യാത്രയ്ക്കൊരുങ്ങുന്നു ഞാന്‍!.

No comments:

Post a Comment