Tuesday, 16 July 2013

ഹെക്സഗണ്‍

1.കരുതല്‍-

എന്തുമാത്രം ചീത്തസ്വപ്നങ്ങളാണ് ഇപ്പോഴെന്റെ രാത്രികള്‍ക്ക്.
ഉണ്ടായിരുന്നപ്പോള്‍  നല്ലതു നോക്കി രണ്ടെണ്ണം,
കരുതി വെയ്ക്കാഞ്ഞതിന്റെ ഇച്ഛാഭംഗത്തിലാണ് ഞാന്‍.


2.ആറടി ജലം-

നാഴിയിടങ്ങഴി മണ്ണു തേടി ചെന്നിടത്തൊക്കെയും,
വമ്പന്‍ റിയല്‍ എസ്റ്റേറ്റുകാരുടെ അധീശത്വ ബോര്‍ഡ്
പണ്ടു മഴുവെറിഞ്ഞ് അങ്ങേര് നേടിയതു മാത്രമല്ല,
ഭരതന്റെ പ്രദേശം ഒട്ടാകെയും അവര്‍ക്കു സ്വന്തം.
ഇനി നമുക്കു ആറടി ജലത്തിനായി പൊരുതാം.


3.മിന്നാമിന്നി-

കണ്ണുകള്‍   സാക്ഷയിട്ട് ഇരുട്ടിന്‍ കുഞ്ഞുങ്ങളെ ഉറക്കുകയായിരുന്നു ഞാന്‍ .
എപ്പോഴാണ് കൃഷ്ണമണി കുത്തിത്തുറന്ന് ഈ മിന്നാമിനുങ്ങ് ഉള്ളില്‍ ഇരിപ്പായത്?


4.ഭ്രാന്തം-

മനോരോഗമുള്ളവര്‍ക്കും കാണുമായിരിക്കും, ബോധമുള്ള ചിലസമയം.
അപ്പോഴവര്‍ക്ക്, ദൈവവുമായുള്ള പതിവു ചങ്ങാത്തം
മാറ്റിവെച്ച്, ചെകുത്താന്‍മാരെ പരിചയിക്കേണ്ടി വരുന്നു.


5.അന്വേഷണം-

 കരച്ചിലിനൊപ്പം ഒലിച്ചു പോയ കൃഷ്ണമണി തിരയുകയാണ് ഞാന്‍.
മഷിയുടഞ്ഞ് കരവെടിഞ്ഞ് ഏതു കടലിലെത്തിയിരിക്കും അതിപ്പോള്‍.


6.വിശുദ്ധം-

അന്തമില്ലാത്ത കൈകളുടെ ആലിംഗനങ്ങളില്‍  എന്റെ ഉടല്‍ തേഞ്ഞുതീര്‍ന്നിരിക്കുന്നു.
മലിനവസ്ത്രങ്ങള്‍ വെളുപ്പിച്ച് നേര്‍ത്തു പോയ സോപ്പു കഷ്ണം പോലെ.


Monday, 15 July 2013

പെന്‍ദഗണ്‍

1. ചിരി


കാല്ത്തള കിലുങ്ങിയപ്പോള്‍ ഞാന്‍ ചിരിച്ചു.
കൊലുസ്സ് കിലുങ്ങിയപ്പോഴും ഞാന്‍ ചിരിച്ചു.
ഇപ്പോഴിതാ ഈ ചങ്ങല കിലുങ്ങുമ്പോഴും
ഞാന്‍ ചിരിക്കുക തന്നെയാണ്.


2.ദക്ഷിണ

ഏകലവ്യനാവാന്‍ ഇഷ്ടമില്ലാഞ്ഞതിനാല്‍ ,
ഞാനെന്റെ പെരുവിരല്‍ നേരത്തേ ഉപേക്ഷിച്ചു.
ഗുരുവിനെ ദക്ഷിണയുടെ അപവാദത്തില്‍
നിന്നെെങ്കലും രക്ഷിക്കാന്‍ അതിനാല്‍ സാധിച്ചു.


3.സവാള

അടരുകളായി എന്നെയവര്‍ ചീന്തിയെടുത്തു കൊണ്ടിരുന്നു.
ഒടുവില്‍ , മനസ്സു മാത്രമായി ശേഷിച്ചപ്പോള്‍ 
ഉപയോഗശൂന്യമെന്നു കണ്ട് 
അവരെന്നെ തോട്ടത്തിലേയ്ക്ക് വലിച്ചെറിഞ്ഞു.
അവര്‍ക്കു ഭാഗ്യമുണ്ടങ്കില്‍
അടുത്ത മഴക്കാലത്ത് അടരുകളാവാന്‍ 
ഞാന്‍ പുനര്‍ജനിച്ചേക്കാം.



4.ചങ്ങാത്തം

ചങ്ങാതി നന്നല്ലാഞ്ഞ നാളുകളില്‍
ഞാനെന്റെ കണ്ണാടി കളയാതെ സൂക്ഷിച്ചു.
ചങ്ങാതി നന്നായപ്പോള്‍ കൂടുതല്‍
തെളിച്ചമുള്ള മറ്റൊരെണ്ണം വാങ്ങേണ്ടി വന്നു.



5.പരിധി

മരണത്തിനും പരിമിധിയുണ്ട് സുഹൃത്തെ.
അതിനു ജീവനുള്ള വസ്തുക്കളെ

മാത്രമേ കീഴ്പ്പെടുത്താന്‍ സാധിക്കയുള്ളൂ.

Friday, 12 July 2013

ദീനമഞ്ഞ

കീഴടങ്ങുംവരെ, ഇനിപ്പാണ് ജീവിതം.
വെണ്ണയില്‍ മൊരിഞ്ഞ പലഹാര മധുരം.
അവസാന തരിയും രുചിച്ചിറക്കും,
മാംസാസ്വാദനത്തിന്‍ നിര്‍വൃതി.
നുരഞ്ഞ സൗഹൃദംപങ്കുവെയ്ക്കും,
നിര്‍ലോഭ ഉന്‍മത്ത ലഹരി.
എതിരെ വരും പെണ്ണിന്‍  അരയും മാറും  കണ്ണാലീമ്പി,
തികയാത്ത  പിന്‍കാഴ്ച്ചയുടെ ലക്കുകെടല്‍.
കണികയിലും കടലോളം ധാരാളിത്തം.
കോശങ്ങളില്‍  അഹങ്കാരം കുമിയിക്കും
അരോഗദൃഢഗാത്ര പേശീബലത്വം.
ഒടുക്കം, ത്രിദോഷംകയ്ച്ച് മുനമ്പിന്‍ വക്കുടയല്‍.
പിഴച്ച  താളത്താല്‍  രക്തക്കുതിപ്പ്,....
അതിന്റെ പെരുക്കം....അല്ലെങ്കില്‍,
വാതില്‍ ചാരിയിട്ട ഹൃദയത്തിന്‍  ഞെരുക്കം.
ആശുപത്രി മേശയ്ക്കിപ്പുറം,
നമ്രോന്മുഖനായ  പരാജിതന്റെ അടയാളമിട്ട
മഞ്ഞയിലേയ്ക്കുള്ള കളംമാറ്റം.       

Monday, 1 July 2013

ഒരു കുക്കറി കവിത

ചേരുവ-

1. ശരാശരി ഗുണമുള്ള മനുഷ്യശരീരം
ഇടത്തരം വലിപ്പത്തിലുള്ളത്....എണ്ണം ഒന്ന്.

നിറയ്ക്കാനുള്ള കൂട്ട്-

2. പക, പ്രാക്ക്, വിട്ടുവീഴ്ച്ചയില്ലായ്മ,.....
ദുര്‍ധാരണയില്‍ അഴുകി വീര്യം മുറ്റിയത്.


(ഒരു വ്യക്തിയുടെ ആത്മസ്ഥൈര്യം കെടുത്താന്‍
എത്ര വേണമോ അത്രയും അളവില്‍.)

3. വിദ്ദ്വേഷം, അസൂയ, മുന്‍കോപം, പ്രതികാരം...
കാലങ്ങളായി അടിച്ചമര്‍ത്തി
അടുക്കുകളാക്കി സൂക്ഷിച്ചത്.

ചതുരത്തില്‍ ഒരു ചതുരം .

4. ഉടച്ചുനുറുക്കിയ സ്വപ്നങ്ങള്‍.
ഭാവനയുടെ അംശം പൂര്‍ണ്ണമായും നീക്കി
കണ്ണരിപ്പയില്‍ തെള്ളിയെടുത്തത്.

ഉള്ളതെത്രയോ അതില്‍ പകുതി.

5. വന്യമായ ക്രൗര്യം,... കരുണ
പരിപ്പൂര്‍ണ്ണമായി ചുരണ്ടിനീക്കിയത്.

രുചി കണക്കാക്കി പാകത്തില്‍ ചേര്‍ക്കുക.

...ഓരോരുത്തര്‍ക്കും മനോനിലയ്ക്കനുസൃതമായി
മിച്ചം വരുന്ന ശീലങ്ങല്‍
വേണ്ടുന്ന അളവില്‍ ചേര്‍ക്കാവുന്നതാണ്.

പാകം ചെയ്യുന്ന വിധം-

വിരലുള്‍പ്പെടെ കൈപ്പത്തിയും കാല്‍പ്പാദവും
കഴുത്തിനല്‍പ്പം മുകളില്‍ വെച്ച്
തലയും, അറുത്തുനീക്കുക.

തല വെട്ടിമാറ്റുമ്പോള്‍
മുഷ്ടിയില്‍ നിന്നും തെറിച്ചുനില്‍ക്കുന്ന
അധികവിരല്‍ കണക്കെ,
ഉടലിലവശേഷിച്ച കഴുത്തിന്‍ ഭാഗം,
ദൈവത്തിനു നേര്‍ക്കുള്ള,
ചൂണ്ടുവിരലാക്കാന്‍ ശ്രമിക്കാവുന്നതാണ്.

കൈകാലുകള്‍ സന്ധിബന്ധത്തില്‍ നിന്നും
വേര്‍പ്പെടുത്തി, ചടുലത വാര്‍ന്നു പോകാതെ
മാംസം ഈര്‍ന്നെടുത്ത്, കൊത്തിയരിഞ്ഞ ശേഷം
മേല്‍പ്പറഞ്ഞ നിറക്കൂട്ടില്‍ ചേര്‍ത്തിളക്കിവെയ്ക്കുക.

നെഞ്ച് തൊട്ട് വയര്‍വരെ പിളര്‍ക്കുക.

സ്ത്രീശരീരമെങ്കില്‍, അതിനുമുമ്പെ
അവശ്യഭാഗങ്ങള്‍ അരിഞ്ഞെടുത്ത്
സ്റ്റഫ് ചെയ്തു സൂക്ഷിക്കാവുന്നതാണ്.
പിന്നീട് ഉപകരിക്കും തീര്‍ച്ച.

പിളര്‍ന്ന ഉടലില്‍ നിന്നും,
ചങ്കും കരളും പറിച്ചെടുത്ത്,
ആര്‍ദ്രഭാവങ്ങള്‍ പിഴിഞ്ഞുകളഞ്ഞ്,
വൃത്തിയാക്കി, യഥാസ്ഥാനത്ത് തിരികെവെയ്ക്കുക.

ചെറു-വന്‍കുടലുകള്‍ ഇളക്കിയെടുത്ത്,
ദഹിക്കാതെ കിടക്കുന്ന ഓര്‍മ്മ-സങ്കടങ്ങള്‍
അടര്‍ത്തിമാറ്റി, തിരികെവെച്ചൊട്ടിക്കുക.

തയ്യാറാക്കിയ മിശ്രിതം, ഉടലറയില്‍ നിക്ഷേപിച്ച്,
ഇഷ്ടമുള്ള ആകൃതിയില്‍ തുന്നിച്ചേര്‍ക്കാവുന്നതാണ്.
ശേഷം, നരകാഗ്നിക്കു സമമായ
പകച്ചൂടില്‍ ചുട്ടെടുക്കണം.

ഉടന്‍തന്നെ, സ്വതസിദ്ധമായ
അഭിനയശൈലി മുഴുവനുമെടുത്ത്,
ചുട്ടവസ്തുവിനെ തണുപ്പിക്കുക.

ഇനി അലങ്കാരം-

വിരലുകള്‍ വളച്ച് ഭംഗിയാക്കിയ
കൈപ്പത്തി, പരുവപ്പെടുത്തിയ ശരീരത്തിനുമേല്‍
ശ്രദ്ധാപൂര്‍വ്വം വെയ്ക്കുക.

മസ്തിഷ്കം ഖനനം ചെയ്ത തലയോട്ടി
ഭിക്ഷാപ്പാത്രം കണക്കെ കൈവെള്ളയില്‍
താങ്ങിനിര്‍ത്തി മനോഹരമാക്കാം.

ചര്‍മ്മമൊഴികെയുള്ള ഇന്ദ്രിയങ്ങള്‍
നാലുമൂലകളില്‍ അഴകില്‍ വിതറണം.

വിരിച്ചുവെച്ച കഴുകച്ചിറകെന്നു സങ്കല്‍പ്പിച്ച്
പാദങ്ങള്‍ ഇരുവശത്തും സ്ഥാപിക്കുക.

ഇനിയിപ്പോള്‍,,
നാലുപേരറിഞ്ഞ്, ദുര്‍ഗന്ധം പരക്കുംമുന്‍പെ
വിഭവം ഉപയോഗിച്ചു തീര്‍ക്കാവുന്നതാണ്.

Sunday, 30 June 2013

ഇതിലും

ഇളംകാറ്റത്തും മുട്ടിയുരുമ്മുവാൻ ആയും
കവിൾത്തുടുപ്പിൽ ചുംബിക്കുവാൻ മുതിരും
തിരിഞ്ഞുനോക്കാതെയേ അറിയാനാകും
ഇമചിമ്മാനോട്ടക്കുരുക്കിൻ കാന്തികവലയം.
ഭാഷയന്യമെങ്കിലും, അന്യജാതിയെങ്കിലും,
പ്രണയം പ്രണയം തന്നെയല്ലെ ലോകരെ.
അങ്ങിനെ ഞങ്ങളുടെ ഈ പ്രണയകാലത്ത്.......
ഇന്നുവെളുക്കുമ്പം
, ഇവിടത്തെ അടുക്കളക്കാരി,
തലയരിഞ്ഞ് അവനെ കൂടയിലേയ്ക്കിട്ടു.
നെഞ്ചുടഞ്ഞ നിലവിളി,, ഒരുപിടച്ചിൽ,
പിന്നെ നിശ്ചലം.. തീർന്നു..

എന്നേയും ഇറുത്തേയ്ക്കണേ, എന്നേയും ഇറുത്തേയ്ക്കണേ,
ദീനദീനം കേണതാണ്,
ആവുംവിധം...!
ഒരുമിച്ച് ജീവിക്കാനൊത്തില്ലെങ്കിലും 
ഒന്നിച്ചൊരുകലത്തിൽ,
തിളച്ചുമറിഞ്ഞൊന്നായ് തീരുവാനെങ്കിലും.................
എന്‍റെ ദൈവമേ,, എന്‍റെ  ദൈവമേ,
ഇന്നവരുടെ കറിക്കൂട്ടിൽ ഒരു
തക്കാളിയുടെ ആവശ്യം ഇല്ലായിരിക്കുമോ?

ഇന്‍ഡ്യന്‍ വാര്‍ദ്ധക്യം സ്ത്രീപക്ഷത്തു നിന്ന് .......


മുഖമില്ലാത്ത ഒരുവള്‍ള്, 
സദാ പിറകെയെന്ന് മകന്‍ ഉറക്കത്തിലും ചുളിഞ്ഞു..
അമ്മേ, അതു നീയോ....എന്നു കൊത്തിയാട്ടി,
അവന്‍ ഉയരങ്ങള്‍ പറന്നു കയറി.

നീരാളിക്കൈകളുടെ വലക്കൂടില്‍,, ആരുടേയോ
തടവിലാണെപ്പോഴുമെന്ന് മകള്‍ പിറുപിറുത്തു.
അമ്മേ നിങ്ങളോ?...എന്ന് അരിശപ്പെട്ട്
അവള്‍ പിന്നാക്കം ചുവടളന്നു..

ഏകമന്ത്രം ജപിച്ച്, ഒരു മായാവിനി
നൂറ്റാണ്ടുകളായി, അടിമപ്പെടുത്തിയതാണെന്ന്, പുരുഷന്‍ ചരടറുത്തപ്പോള്‍, കടപറിയാഞ്ഞത് വിറങ്ങലിപ്പിനാല്‍ തന്നെ.

ജീര്‍ണ്ണവസ്ത്രമെന്ന് കുടുക്കഴിച്ചു,
പാതിയില്‍ ഉപേക്ഷിച്ചവര്‍ക്കായിനി
ആയുര്‍വ്രതം നോല്ക്കേണ്ടതുണ്ട്.

കൗമാരപ്പകുതിയില്‍ തുടങ്ങി,
അവരെ നമ്പി ഞെരിഞ്ഞു ചത്ത, വികാരങ്ങളുടെ
കല്ലറയില്‍ , തിരി വെയ്ക്കേണ്ടതുണ്ട്.

അതു കഴിഞ്ഞാല്‍ പിന്നെ,
സമ്പൂര്‍ണ്ണ ഇന്ത്യന്‍ വൃദ്ധയായി ...

നിമിഷത്തെ മുപ്പതു നെടുവീര്‍പ്പുകളാലളന്ന്
ശരശയ്യമേല്‍ ഉത്തരായനം കാത്തുകിടക്കാം.

സ്വം!

എത്ര തിളതിളച്ചിട്ടും
പതഞ്ഞൊഴുകാന്‍ വിടാതെ
ഞാനെന്നെ ഭദ്രമാക്കുന്നു.
അളന്നെടുക്കുവാന്‍
എത്തിനോക്കുന്നവര്‍ക്കു മേല്‍
കരിങ്കറുപ്പു കുടയുന്നു.
ഞാനൊരു തുന്നല്‍ക്കുരുവി
ഓരോ ഓലത്തുഞ്ചവും എന്റേത്
എന്റേതെന്ന് വിശ്വസിച്ച്
നെടുകെയും കുറുകെയും
പിളര്‍ന്ന പ്രാണനെ
സദാ തുന്നിച്ചേര്‍ക്കുന്നു..
നല്ലത് നല്ലതെന്ന് ചിരിച്ച്
കള്ളത്തായമിടുന്ന ലോകത്തിന്‍

നേര്ക്കു നേര്‍ നിന്നു പൊരുതുന്നു..

സ്വകാര്യം....

വേണ്ടാ വേണ്ടായെന്നു
കൊത്തിയകറ്റിയിട്ടും
അരുത് അരുതെന്ന്
കരുതലെടുത്തിട്ടും
ഇല്ല ഇല്ലായെന്ന്
കാര്‍ക്കശ്യം കൊണ്ടിട്ടും
നീരാളിക്കൈകളാല്‍
പുണരുന്നതെന്തിനു
പ്രണയമേ.
ശുഷ്കമെന്നും ശൂന്യമെന്നും
തിരിച്ചറിഞ്ഞിട്ടും
ന്നിന്നെ
വിടുവിക്കാനാകാത്തതെന്താണ്
പ്രണയമേ
ഒരുവേള
എനിക്കു പ്രണയം

നിന്നോടു തന്നെയോ?

സങ്കടല്‍

സങ്കടലിലെ മീനുകള്‍
ദുര്‍ബ്ബലര്‍,, തികവില്ലാത്തവര്‍.

കരച്ചില്‍ കാക്കാന്‍
ഇമ.കൂടി ശേഷിക്കാത്തവര്‍.

മുള്ളിനു മീതെ, ദശക്കനം തോര്‍ന്നവര്‍
എരിവും പുളിയും വിസ്തരിച്ച്,
രുചി ചതിച്ചവര്‍.

ചെമ്പന്‍ ചെതുമ്പല്‍ അഴിച്ചു കളഞ്ഞവര്‍.
മഴവില്‍ നീള്‍വാല്‍ അറുത്തുമുറിച്ചവര്‍.

ജലവിസ്താരം കടന്ന ഭ്രമക്കാഴ്ച്ചയില്‍,
വശ്യത പാടെ തല്ലിത്തകര്‍ത്തവര്‍.

ഉന്മാദം തളംവെച്ചു ഛിദ്രപ്പെട്ടവര്‍.
ജാഗ്രത്തിലും മരണക്കിനാവുള്ളവര്‍.

വീശുകാരന്റെ കരുത്തു നമ്പി,
വലപ്രതീക്ഷ ചൂണ്ടല്‍ കോര്‍ത്തു,
സ്ഥിതി കാത്തിരിക്കുന്നവര്‍..

വലക്കാരനോ...?അതു കാശാക്കി,
കാശു കള്ളാക്കി, കള്ളു തെറിയാക്കി...
ശേഷിച്ചവ, അസഭ്യം പൊതിഞ്ഞ്,
ചുട്ടെടുത്ത് കത്തലടക്കി.

സങ്കടല്‍ മീനുകള്‍ക്ക്, ഇതെല്ലാമറിഞ്ഞും,
കരുത്ത് നമ്പാതേ വയ്യ...
വലധര്‍മ്മം കാക്കാതെ വയ്യ...

മത്സ്യകര്‍മ്മം പുലര്‍ത്താതെ വയ്യ.

വിശ്വാസം.....

അന്ധവിശ്വാ‍സിയാണോ നിങ്ങള്‍,
അങ്ങിനെയെങ്കില്‍
പറഞ്ഞുവെച്ചപോലെ
എടുത്തുചാടിയിരിക്കും ഒരു കരിമ്പൂച്ച
യാത്രയി കുറുകെ.

നിശ്ചയമായും,
ഒഴിഞ്ഞകുടമോ, മണ്‍ വെട്ടിയോ,
മാരകായുധമോ ഏറ്റി
ഒരാള്‍ എതിരില്‍ നില്‍ക്കും.

ക്ഷുരകന്‍, ഒറ്റ ബ്രാഹ്മണന്‍
പ്രേതകാഹളം നേര്‍ന്ന കൊടിച്ചി
തെക്കുഭാഗത്തെ നത്ത്
ശകുനപ്പിഴയുടെ വംശപരമ്പര
അണിയൊപ്പിച്ച് നിവര്‍ന്നു നില്‍ക്കും

ശേഷികെട്ട തുകല്‍വാദ്യം
തൊണ്ടയില്‍ കുടുങ്ങി മിടിക്കും.

വിധി പഴകി
പ്രാചീനമായ അടരില്‍

മടക്കിവെയ്ക്കും ജീവിതം.

?

കുരിശില്‍ തറയ്ക്കപ്പെട്ട
ഒരു യേശു മാത്രം
ദൈവപുത്രനെന്നറിയപ്പെട്ടു.

ജ്ഞാനോദയമുണ്ടായവരില്‍
ഒരൊറ്റ ബുദ്ധന്‍
പ്രമുഖപ്പെട്ടതു പോലെ..!

മുപ്പത്തിമുക്കോടി
ദേവകളെ താങ്ങി
ഒരു മതത്തിന്റെ നടുവൊടിഞ്ഞു.!

പടച്ചവനിലും മഹത്വമേറിയ
പ്രവാചകന്മാരോ?

അഗ്നി, ഭൂമി, സൂര്യന്‍,,
മരം, മണല്‍ത്തരി,കാലം..
മൂര്‍ത്തികള്‍ക്കൊപ്പം
കുമിയുന്നു മതം...!

ദൈവം, മതം, ജാതി ഒന്ന്
എന്നു ചൊല്ലിത്തന്ന മനുഷ്യനേയും
കുരുക്കി 
ജാതിപിടിത്തക്കാര്‍.!

ദൈവമേ, യഥാര്‍ത്ഥത്തില്‍
അവിടുന്ന് ആരെന്നത്,

ഇവരറിയുന്നില്ലല്ലോ?.....

ഭ്രാന്ത്


എങ്ങുനിന്നെന്നില്ലാതെ നമുക്കുമേല്‍ ചാടി വീഴും 
തെരുവില്‍, 
ജീവിതത്തിരിവില്‍,
ഓര്‍മ്മച്ചതുപ്പില്‍...
എപ്പോള്‍ വേണമെങ്കിലും നാം ആക്രമിക്കപ്പെട്ടേക്കാം.
ഇഷ്ടനഷ്ട ചതുരംഗത്തില്‍, 
ദുശ്ശകുന കണക്കെടുപ്പില്‍, 
ദുരന്തത്തിന്‍ ചോരമണത്തില്‍, 
അഭിമാനച്യുതിയില്‍, 
തൃഷ്ണയൊടുങ്ങലില്‍, 
ഏകാന്തതയില്‍.... 
എവിടെവെച്ചും പതിയിരുന്ന് നമ്മെ പിടികൂടും.
ഉഗ്രപ്രസരത്തില്‍ തളര്‍ത്തിയിടും.
ബോധത്തില്‍ ചൂണ്ടക്കൊളുത്തിട്ട് അധിനിവേശം ഉറപ്പിക്കും.
ഭ്രമക്കുതിരകളെ വീഞ്ഞുകുടിപ്പിക്കും.
പൊട്ടിച്ചിരിയുടെ ഗ്രാമഫോണ്‍ സൂചി ഊരിമാറ്റും.
നിര്‍ത്താ പറച്ചിലിന്‍ ചരടഴിച്ച്
പറന്നുപോ എന്നൂതിപ്പറത്തും.
അടക്കിയമര്‍ത്തിയ സങ്കടങ്ങള്‍ നേര്‍പ്പാതിയില്‍ പിളര്‍ന്ന്
സ്ഥിരതയുടെ കുടല്‍വള്ളികള്‍ പറിച്ചെടുക്കും.
മഹാമൗനത്തില്‍ നങ്കൂരമിടുവിക്കും.
ആക്രമണോത്സുകതയില്‍ ഛിഹ്നംവിളിപ്പിക്കും.
ഒളിയിടങ്ങള്‍ തിരഞ്ഞലയേണ്ട മൃത്യുവെന്നപോല്‍ 
ത്വക്കുരുമ്മി സദാ കൂടയുണ്ട്...
നിശ്ചയമായും ഒരിക്കല്‍ നാം അകപ്പെടും..
ഭ്രാന്തിന്‍ മുദ്രയില്ലാത്ത ഒരുവനും

ജീവിതമുണ്ടായിട്ടില്ലെന്ന്...
അന്നു തിരിച്ചറിയും...!!

എഴുത്തുമുട്ട്

നേര്‍ത്തുപോയ് എനിക്ക് കവിത !
ഉപ്പുനീരിൽ മെലിഞ്ഞ
പല്ലി മാതിരി!
വരായ്കയല്ല
കയറിവന്നിടയ്ക്കൊക്കെ
പാതിതുറന്ന്, അഴകാൽത്രസിപ്പിച്ച്
ചടുലമായ് വഴുതിയിറങ്ങിപ്പോയ്,
പലപ്പോഴും..!

കോപ്പയ്ക്കും ചുണ്ടിനും മദ്ധ്യേ
തട്ടിത്തൂവിപ്പോയ്,
പലവട്ടം,
ശ്രദ്ധ പിഴയ്ക്കയാൽ!!


തിടുക്കം തുലപ്പിച്ച,
മുഴുമിക്കാരതിപോലെ,
ദ്രവിക്കാതെ കിടപ്പുണ്ട് 
കരിങ്കൽകടുപ്പത്തിൽ...
ലാളന, ഭീഷണി...
നഖലീലയാൽ വഴങ്ങാതെ കിടപ്പുണ്ട്
ശയ്യമേൽ കുപിതയാം പത്നിപോൽ...!


ദാക്ഷിണ്യമില്ലാതെ തുരത്തുന്നു നീയെന്നെ
ചുണകെട്ട പങ്കാളി അപരാധിയാം മട്ടിൽ.

യാചിക്കവയ്യ, എങ്കിലും,
തരികയൊരു പഴുത്..
പദലീലയാൽ ഉണര്‍ത്തുവാൻ

വാക്കുറപ്പിക്കുന്നു
തോൽവിയാണെനിക്കെങ്കിൽ 
ശ്രാദ്ധാന്നമ്മൂട്ടുവാൻ
എന്നിലെ കവിത്വത്തെ !!

എതിരാളി.

കാറ്റുരാകിയൊരമ്പാക്കി,
ഞാനവനെ എയ്തു.

ഇന്നലെയായിരുന്നു
അവന്‍റെ അടക്കം.

അതല്ല കാര്യം, 
ദാ ഇപ്പൊ തറഞ്ഞു,
ചങ്കില്‍തന്നെ!

പോകും മുന്‍പ്
അവന്‍ രാകിയ

മഴയമ്പ്!!

ഇഹം!

വിസ്മയിച്ചു പോകും അവര്

ജലതലത്തിനു മീതെ മറ്റൊരു വാഴ്വെന്നോ!
ജലത്തില്അല്ലെങ്കില്എങ്ങിനെ ശ്വസിക്കും,
എങ്ങിനെ ഇര തേടും, എങ്ങിനെ ഇണ ചേരും!
ഛെ അന്ധവിശ്വാസം എന്നു ചുളിയും

ഒറ്റയായും തെറ്റയായും വേട്ടയാടപ്പെടുമ്പോഴും
കണ്ടുകാണില്ല നമ്മളെ, നമ്മുടെ കൈകളെ,
നാം വിരിച്ച വലകളെ, കുരുക്കിനെ
അപ്പോഴും
വിധി അല്ലാതെന്ത്
മരണം അനിവാര്യമല്ലേ?
മരണം മാത്രമാണ് ശാശ്വതമായ സത്യം
എന്നൊക്കെ....
തത്വങ്ങളില്മുഖം ചേര്‍ത്ത് തണുത്തിരിക്കും.

മാംസമായും അണ്ഡമായും മജ്ജയും മേദസ്സായും
വെവ്വേറെ താലങ്ങളില്‍ ആഹരിക്കപെടുമ്പോഴും
അറിയുന്നുണ്ടാവില്ല,
പാമരര്ജലജീവികള്
അവര്നമ്മുടെ 
വിശിഷ്ടഭോജ്യമെന്ന്!!

വിശ്വസിക്കുന്നില്ല നമ്മളും
വായു മണ്ഡലത്തിനപ്പുറത്തെ മറ്റൊരു ലോകം
ഒറ്റയായും കൂട്ടമായും അപഹരിക്കപെടുമ്പോഴും
സമ്മതിച്ചുകൊടുക്കുന്നുമില്ല


നമ്മുടെ സൂക്ഷ്മശരീരം 
അവിടത്തെ തീന്‍പണ്ടമെന്നത്!!!

ഊരാക്കുടുക്ക്!!!

അതു മുറുകി 
ഇതു മുറുക്കി
ചിലതയഞ്ഞ്
ചിലതടഞ്ഞ്..
അതില്‍ കുരുങ്ങി
ഇതില്‍ കുരുക്കി,
അവിടൊതുങ്ങി
ഇവിടൊതുക്കി..

ശിവനെ.....ശിവനെ.....

ഈ നിയമനൂലാമാലകെണിയില്‍

വലഞ്ഞേ, ..... തുലഞ്ഞേ.....

വ്യക്തി ജനമായാല്‍.......


നഞ്ച് നാനാഴിയാകും,
സൂചി വേണ്ടിടത്ത് തൂമ്പ.

അഞ്ചപ്പം, ഒരു വയറിനും
ഉതകാതെ, പാഴായിപ്പോകും.
പട്ടിയാക്കപ്പെട്ട ആട്,
പേപ്പട്ടിയായി നാടുതെണ്ടി, 
പേ പരത്തും.

തുള്ളി, പെരുവെള്ളവും കടന്ന്, 
പ്രളയത്തിലേയ്ക്ക് കുതിക്കും.

ഏക കണ്ഠം, ഐക്യകണ്ഠത്തിനാകാതെ
അനേക കണ്ഠത്തിലായ് പിരിയും.

നേര്ത്ത ഒരു വാക്ക് 
പെരുംശബ്ദത്തില്നിപതിക്കും.

കണ്ണും കാതും നാക്കും മൂടപ്പെട്ട്
മുഖം പോലും ശേഷിക്കാതെ 
വ്യക്തിത്വം ഒറ്റവരയാകുന്നത് 
നിങ്ങള്അറിയാതെ പോകും.